കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, എസ് മനു എന്നിവരുടെ ഉത്തരവ്. അതേസമയം, കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടി എടുക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഭൂമി വഖഫ് എന്ന് വഖഫ് ബോർഡ് വ്യക്‌തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്‌തമാക്കിയാണ് സിംഗിൾ ബെഞ്ച് കമ്മീഷൻ നിയമനം റദ്ദാക്കിയത്. സർക്കാർ വേണ്ടത്ര പഠനം നടത്താതെയും വസ്‌തുതകൾ പരിശോധിക്കാതെയും ആയിരുന്നു കമ്മീഷനെ നിയമിച്ചതെന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.
ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് കമ്മീഷനെ നിയമിച്ചത് എന്നാണ് സർക്കാർ വാദം. കമ്മീഷന് ജുഡീഷ്യൽ അധികാരങ്ങളില്ല. കമ്മീഷൻ ശുപാർശകൾ അംഗീകരിക്കണമെന്ന് നിർബന്ധമില്ല എന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു.
വിഷയത്തിൽ പൊതുതാൽപര്യമുണ്ടെന്നും ക്രമസമാധാന പ്രശ്‌നം എന്ന നിലയിലും കമ്മീഷന്റെ പ്രവർത്തനം ആവശ്യമാണെനും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം, കമ്മീഷന്റെ റിപ്പോർട് കോടതിയിൽ സമർപ്പിക്കാൻ തയ്യാറാണെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. അപ്പീൽ വേനലവധിക്ക് ശേഷം ജൂൺ 16ന് വീണ്ടും പരിഗണിക്കും.
വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങൾ നഷ്‌ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്‌ക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. മൽസ്യത്തൊഴിലാളികൾ ഉൾപ്പടെ സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങൾ എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. പ്രശ്‌നം പഠിക്കാനാണ് സർക്കാർ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ചത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ