പാലക്കാട്: ദൈവപ്രീതിക്കായി 6 വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മാതാവ് ഷഹീദയെ (32) പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇതിനായി ബുധനാഴ്‌ച കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഞായറാഴ്‌ച രാത്രി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതി നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കോവിഡ് പരിശോധന നടത്തേണ്ടതിനാൽ കസ്‌റ്റഡിയിൽ ലഭിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകം നടന്ന പുതുപ്പള്ളിത്തെരുവ് പൂളക്കാട്ടെ വീട്ടിൽ അന്വേഷണസംഘം തിങ്കളാഴ്‌ച പരിശോധന നടത്തി.
കത്തിയിലെ രക്‌തം തുടക്കാൻ ഉപയോഗിച്ച തുണി, യുവതി ഉപയോഗിച്ച രക്‌തം പുരണ്ട വസ്‌ത്രം, കുട്ടിയുടെ കാലുകൾ കെട്ടിയിടാൻ ഉപയോഗിച്ച കയറിന്റെ ബാക്കിഭാഗം എന്നിവ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊലപാതകം നടത്തിയത് മാതാവ് തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും കാരണങ്ങൾ സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുകയാണ്.
ദൈവപ്രീതിക്കായി നടത്തിയ കൊലപാതകമാണെന്ന യുവതിയുടെ മൊഴി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. മനോവൈകല്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ മൊഴി. എന്നാൽ അവരുടെ സംസാരത്തിലോ ഭാവഭേദങ്ങളിലോ അത് പ്രകടമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലാക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ മകൻ ആമിൽ ഇഹ്‌സാൻ എന്ന ആറുവയസുകാരനെ ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് മാതാവ് ഷാഹിദ കഴുത്തറുത്ത് കൊന്നത്. സംഭവത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: കോവിഡ്; പരിശോധനകൾ കൂട്ടാൻ കർശന നിർദേശം, പഴയ കണക്കുകൾ ശേഖരിക്കും








































