പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ്. ഇന്നലെയാണ് ഒറ്റപ്പാലം റയിൽവേ സ്റ്റേഷൻ റോഡിലെ തെക്കേ തൊടിയിൽ ഖദീജയെ (63) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഖദീജയുടെ സഹോദരി പുത്രിയായ ഷീജ, ഇവരുടെ മക്കളായ യാസിർ, പ്രായപൂർത്തിയാവാത്ത മറ്റൊരു മകൻ എന്നിവരെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടിയിരുന്നു. ഒറ്റപ്പാലത്തെ ലോഡ്ജിൽ ഇവർ ഒളിച്ച് താമസിക്കുകയായിരുന്നു.
ഖദീജയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഷീജയുടെയും യാസറിന്റെയും മൊഴി. തുടർന്ന് ആത്മഹത്യയെന്ന് വരുത്തി തീർക്കാനായി ഖദീജയുടെ കൈത്തണ്ടയുടെ ഞരമ്പ് മുറിക്കുകയും ചെയ്തു. സംഭവത്തിൽ ഷീജയുടെ 13 കാരനായ മകനാണ് ദൃക്സാക്ഷി. ഈ കുട്ടിക്ക് കൊലയിൽ പങ്കില്ലെന്ന് പ്രതികൾ സമ്മതിച്ചു. അതേസമയം, കൊലയ്ക്ക് ശേഷം ആഭരങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു നീക്കമെന്നും പ്രതികൾ സമ്മതിച്ചു.
ഇന്നലെ ഉച്ചയോടെ ഷീജ ഖദീജയുടെ മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണം ആണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഷീജ ബന്ധുവായതിനാൽ പരാതി ഇല്ലെന്നായിരുന്നു ഖദീജ പോലീസിനെ അറിയിച്ചിരുന്നത്. തുടർന്ന് പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, വൈകീട്ട് എട്ടരയോടെ ഖദീജയെ വീടിനകത്ത് കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also: വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ളീല സന്ദേശങ്ങൾ; പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി





































