ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംഭവത്തിൽ 100 സാക്ഷികളുണ്ട്.
വിചാരണ വേഗത്തിലാകുന്നതിനും അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. സാക്ഷികൾ, ശക്തമായ ശാസ്ത്രീയ തെളിവുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് കുറ്റപത്രം. വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പെടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. ബീഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിലെ ഏക പ്രതി.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശത്തോടെ എസ്പി വിവേക് കുമാറും ഇൻസ്പെക്ടർ എംഎം മഞ്ജുദാസും ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്. ആലുവ തായിക്കാട്ടുകരയിൽ നിന്ന് കാണാതായ ബീഹാർ സ്വദേശിയായ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ളാന്റിനോട് ചേർന്ന് പുഴയോരത്ത് ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Most Read| കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് ബിജെപി