മലപ്പുറം: നേരത്തെ അഞ്ച് തവണ മാറ്റിവെച്ച മുസ്‌ലിം ലീഗിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത് ചേരുന്നത്. ചന്ദ്രിക കള്ളപ്പണമിടപാട്, ഹരിത വിവാദം എന്നിവ അടക്കമുള്ള വിഷയങ്ങൾ യോഗത്തിന്റെ അജണ്ടയിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ഇക്കാര്യങ്ങളും ചർച്ചയായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് നാല് മാസത്തിന് ശേഷമാണ് പ്രവർത്തകസമിതി ചേരുന്നത്. പോഷക സംഘടന ഭാരവാഹികളടക്കം 150ഓളം പേർ യോഗത്തിൽ പങ്കെടുക്കും. സംഘടന ശാക്തീകരണവും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളടക്കം പത്തംഗ ഉപസമിതിയുടെ പ്രവർത്തന നയരേഖ നിർദ്ദേശങ്ങളിലാകും പ്രധാന ചർച്ച. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകളും ചർച്ചയാകും.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മുന്‍ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇന്നത്തെ യോഗത്തിന് അധ്യക്ഷത വഹിക്കും. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രത്തിനെതിരായ അന്വേഷണം, തളിപ്പറമ്പിൽ മുസ്‌ലിം ലീഗ് സമാന്തര കമ്മിറ്റി രൂപീകരിച്ച സാഹചര്യം ഉൾപ്പെടെ ലീഗ് രാഷ്‌ട്രീയത്തിൽ ഉയർന്ന വിവാദങ്ങളും യോഗത്തിന്റെ മുഖ്യ അജണ്ടയിൽ ഇല്ലെങ്കിലും ചർച്ച ആയേക്കും.
Read Also: ശമ്പള പരിഷ്‌കരണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ ഉപവാസ ധർണ ഇന്ന്