തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി പൂർണമായി തള്ളിക്കളയുകയാണെന്നും, പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്‌തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഇപി ഡിജിപിക്ക് കൊടുത്ത പരാതിയിൽ അന്വേഷണം നടക്കട്ടെ. ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടില്ല. പുസ്‌തകം പ്രസിദ്ധീകരിക്കാൻ ആരുമായും കരാർ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് പുസ്‌തകം പ്രകാശനം ചെയ്യാനുള്ള തീയതി പ്രഖ്യാപിക്കുക. കരാർ ഇല്ലാത്തിടത്തോളം ഇതെല്ലാം വ്യാജമായി സൃഷ്‌ടിക്കപ്പെട്ടതാണെന്ന് വ്യക്‌തമാണ്.
എഴുതാത്ത കാര്യങ്ങൾ എഴുതിയെന്ന് ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തുവന്നത് ഗൂഢാലോചനയാണ്. അതെല്ലാം അന്വേഷക്കട്ടെ എന്നും ഗോവിന്ദൻ പറഞ്ഞു. സരിൻ ഊതിക്കാച്ചിയ പൊന്നാണെന്നാണ് ജയരാജൻ പാലക്കാട്ട് പോയി പറഞ്ഞത്. അവിടെ എൽഡിഎഫ് വൻവിജയം നേടും. പാർട്ടി നിർബന്ധിച്ചിട്ടാണോ ഇപി പാലക്കാട് പോയതെന്ന ചോദ്യത്തിന് ഇപി എന്താണ് കൊച്ചുകുട്ടിയാണോ കൈപിടിച്ച് കൊണ്ടുപോകാൻ എന്നായിരുന്നു ഗോവിന്ദന്റെ മറുപടി.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ