കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച എംവി വാൻ ഹായ് 503 കപ്പൽ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പൽ വേണമെന്ന് അറിയിക്കും. അതിനിടെ അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്.
ഹൈ പവർ ജെറ്റ് സ്പ്രേകൾ ഉപയോഗിച്ച് കൂളിങ് ഉറപ്പാക്കും എന്നാണ് വിവരം. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. കപ്പലിൽ തീപിടിത്തമുണ്ടായ ഭാഗത്തെ തീ അണയുന്നുണ്ടോ എന്നത് വിമാന നിരീക്ഷണത്തിലൂടെ ഉറപ്പാക്കാനാണ് നീക്കം. കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവർ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്റെ ഭാഗമായി.
ടഗുകൾ ഉപയോഗിച്ച് ഉൾക്കടലിലേക്ക് കപ്പൽ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ 5 കോസ്റ്റ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ ഇന്നലെ രക്ഷപ്പെടുത്തി. ഇവരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് വിവരം. വിവിധതരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം. കപ്പൽ നിലവിൽ കത്തിയമരുകയാണ്. പൊട്ടിത്തെറിയും ഉണ്ടാകുന്നതിനാലാണ് തീ കെടുത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാൻമർ, ഇന്തൊനീഷ്യൻ, തായ്ലൻഡ് സ്വദേശികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേർ കടലിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ








































