പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കർണ്ണകി അമ്മൻ ഹയർസെക്കണ്ടറി സ്കൂളിലാണ് ആദ്യം എത്തിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു.
നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിനെത്തിയത്. വൻജനാവലി പൊതുദർശന ചടങ്ങുകളിലും സംബന്ധിച്ചിരുന്നു. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം മുറിവുകളാണ് ഉള്ളത്. തലയിൽ മാത്രം മൂന്ന് വെട്ടുകൾ ഏറ്റിട്ടുണ്ട്. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളും ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട് (എഫ്ഐആർ). പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡണ്ടായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ പള്ളിയിൽ നിന്ന് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിന് സമീപം കാറിടിച്ച് വീഴ്ത്തിയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 1.10ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് വിൽപന സ്ഥാപനത്തിൽ കയറി ശ്രീനിവാസനെ മൂന്ന് ബൈക്കുകളിൽ എത്തിയ സംഘം വെട്ടിയത്.
Most Read: കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാട്; കുറ്റപ്പെടുത്തി സതീശൻ







































