കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ‘നമ്മുടെ കോഴിക്കോട്’ന്റെ ഉൽഘാടനം ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടിപി രാമകൃഷ്‌ണൻ, എകെ ശശീന്ദ്രൻ,എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും.
‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പരിപാടികളുടെ പ്രവർത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്‌ജമാക്കുന്ന വിധം പദ്ധതിക്കായി മൊബൈൽ ആപ്പ്ളിക്കേഷനും വെബ്പോർട്ടലും രൂപകൽപ്പന ചെയ്‌തിട്ടുണ്ട്.
പദ്ധതി ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള ഘട്ടങ്ങളിൽ മുഴുവൻ പൗരൻമാരുടെയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് ‘നമ്മുടെ കോഴിക്കോട്’ ലക്ഷ്യമാക്കുന്നത്. സർക്കാരിന്റെ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളെ കുറിച്ചുള്ള സമ്പൂർണ വിവരവും ലഭ്യമാകും. ഇതിലൂടെ പരാതികൾ കാലത്താമസം കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിലേക്കെത്തും.
പൊതുജന സേവകരുമായി ആവശ്യാനുസരണം കൂടികാഴ്‌ചക്കായി മുൻകൂർ നിശ്‌ചയിക്കാനും നേരിട്ടോ അല്ലാതെയോ വീഡിയോ/ കോൾഫോണുകളിലൂടെയോ സംസാരിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്.
പൊതുജനങ്ങൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളിൽ ക്രിയാത്‌മകവും പ്രായോഗികവും നൂതനവുമായ ആശയങ്ങളും കാഴ്‌ചപ്പാടുകളും കൈമാറുന്നതിനും സർക്കാരിന്റെ വിവിധ ഉദ്യമങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള തുറന്ന വേദിയൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കളക്‌ടർ അറിയിച്ചു.
ഉദയം, എനേബിളിങ് കോഴിക്കോട്, ക്രാഡിൽ, ഹാപ്പിഹിൽ, മാനസികാരോഗ്യ കേന്ദ്ര വികസനം, സുഫലം, മിഷൻ തെളിനീർ, മിഷൻ ക്ളീൻ ബീച്ച്, മിഷൻ സുന്ദര പാതയോരം, ആരോഗ്യജ്വാല, ആരോഗ്യജാഗ്രത, സ്‍മാർട്ട് ചലഞ്ച് തുടങ്ങിയ പദ്ധതികൾ ‘നമ്മുടെ കോഴിക്കോട്’ൽ ഉൾപ്പെട്ടിട്ടുണ്ട്.
Read also: കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം






































