ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാഷ തടസമാണെങ്കിലും നിരവധി വിദ്യാർഥികളാണ് വിദ്യാഭ്യാസത്തിനായി ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നതെന്നും, അതിനാൽ തന്നെ സ്വകാര്യ സ്ഥാപനങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ചുള്ള വെബിനാറിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ റഷ്യ-യുക്രൈൻ യുദ്ധം ശക്തമാകുമ്പോൾ വിദ്യാർഥികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചതെങ്കിലും, അദ്ദേഹം അതേപ്പറ്റി നേരിട്ട് വ്യക്തമാക്കിയില്ല.
കൂടാതെ ഇന്ത്യയ്ക്ക് ധാരാളം ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ലഭ്യമാക്കുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഭൂമി അനുവദിക്കാനുള്ള നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സാധിക്കുമോ എന്നും മോദി വെബിനാറിൽ ചോദിച്ചു. ഒപ്പം തന്നെ ജനങ്ങൾക്ക് ഗുണമേൻമയുള്ള ആരോഗ്യ, ക്ഷേമ സേവനങ്ങൾ നൽകാനുള്ള സർക്കാറിന്റെ ശ്രമങ്ങളും വ്യക്തമാക്കിയ അദ്ദേഹം, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ വൻ നഗരങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും കൂട്ടിച്ചേർത്തു.
Read also: നഴ്സുമാരില്ല; മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ







































