ന്യൂഡെൽഹി: 47ആംമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പങ്കെടുക്കില്ല. പകരം വെർച്വലായി പങ്കെടുക്കും. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇതോടെ, ഈവർഷം ട്രംപ്- മോദി കൂടിക്കാഴ്‌ച നടക്കാനുള്ള സാധ്യത അവസാനിച്ചു. ഈമാസം 26 മുതൽ 28 വരെ ക്വാലലംപുരിൽ വെച്ചാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്.
”മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഊഷ്‌മളമായ സംഭാഷണം നടത്തി. വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി ആശംസകൾ നേർന്നു. ആസിയാന്റെ അധ്യക്ഷ സ്‌ഥാനത്ത് മലേഷ്യ എത്തിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കും. ആസിയാൻ-ഇന്ത്യ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിന് ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അതിനിടെ, ട്രംപുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് മോദി തന്റെ തീരുമാനം മാറ്റിയതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹവും അവിടെ ഉണ്ടാകും. ഏതാനും ആഴ്‌ചകൾക്ക് മുൻപ് ഈജിപ്‌തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും ഈ കാരണത്താലാണെന്നും ജയറാം രമേശ് പറഞ്ഞു.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്






































