ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം 9 അല്ലെങ്കിൽ 10 തീയതികളിൽ നടത്താനാണ് സാധ്യത.
പ്രധാനമന്ത്രി പ്രതിനിധി സംഘങ്ങളെ കാണുന്നതിന് മുൻപ്, ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചർച്ച നടത്തും. 24ന് ഡെൽഹിയിൽ നിന്ന് പുറപ്പെട്ട പാണ്ഡെയുടെ പ്രതിനിധി സംഘം സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് ജയശങ്കറുമായുള്ള കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്. നിഷികാന്ത് ദുബൈ, ഫാങ്നോൺ കൊന്യാക്, രേഖ ശർമ, അസദുദ്ദീൻ ഉവൈസി, സത്‌നം സിങ് സന്ധു, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ ഇന്ത്യൻ നയതന്ത്രജ്‌ഞൻ ഹർഷ് വർധൻ ശ്രീംഗ്‌ല എന്നിവർ ഈ പ്രതിനിധി സംഘത്തിലെ അംഗങ്ങളാണ്.
മുൻ നയതന്ത്രജ്‌ഞർക്ക് പുറമെ 59 ജനപ്രതിനിധികൾ ഉൾപ്പെടുന്ന ബഹുകക്ഷി പ്രതിനിധി സംഘങ്ങൾ യൂറോപ്യൻ യൂണിയൻ ഉൾപ്പടെ 33 രാജ്യങ്ങളിലെ അവരുടെ യാത്രാ പരിപാടിയുടെ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയാക്കി. എല്ലാ പ്രതിനിധികളെയും കാണാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഒരു സുപ്രധാന ചുവടുവയ്‌പ്പാണെന്നാണ് വിലയിരുത്തൽ.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി