കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങളില്‍ കൃത്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. ആഗസ്റ്റ് 16ന് അവസാനിച്ച കഴിഞ്ഞ ആഴ്ചയില്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 8.86 ശതമാനമായിരുന്നു. എന്നാല്‍ ആഗസ്റ്റ് 23ന് അവസാനിച്ച ആഴ്ചയോടെ ഇത് 6.32 ശതമാനമായി കുറഞ്ഞുവെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ ) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണിത്. കാര്‍ഷിക മേഖലയിലെ അസാധാരണ തൊഴില്‍ ലഭ്യതയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വേണ്ട വിധം ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ് ഈ നേട്ടത്തിന് പിന്നിലെ കാരണങ്ങള്‍.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 11.1 കോടി ആളുകളാണ് കൃഷി ഉപജീവനമായി ജീവിച്ചിരുന്നതെന്ന് സര്‍വേകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ അത് 11.7 കോടിയായി ഉയര്‍ന്നു. പിന്നീട് മെയ് മാസത്തോടെ അത് 11.8 കോടിയായും ജൂണോടെ 13 കോടിയായും ഉയര്‍ന്നു. ഉയര്‍ന്ന വേതനമുള്ള ജോലികള്‍ തേടി പോയവര്‍ പോലും കൃഷിയിലേക്ക് തിരിച്ചുവന്നു എന്നാണ് സിഎംഐഇ പറയുന്നത്. ലോക്ക്ഡൗണ്‍ പോലെയുള്ള നടപടികള്‍ കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.







































