കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കൽ കോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
നാളെ പത്തനംതിട്ട കളക്‌ട്രേറ്റിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. അതേസമയം, നവീൻ ബാബുവിന്റെ വിയോഗത്തെ തുടർന്ന് മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുകയാണ്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
നവീൻ ബാബുവിന് നേരെ അഴിമതിയാരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ഇതേത്തുടർന്ന് കൂടുതൽ പോലീസുകാരെ ദിവ്യയുടെ വീടിന് സമീപം നിയോഗിച്ചിട്ടുണ്ട്. നവീന്റെ മരണത്തിന് ശേഷം ഇതുവരെ പരസ്യപ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.
എന്നാൽ, മന്ത്രിമാർ ഉൾപ്പടെ ദിവ്യയെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് സംസ്‌ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ഉദ്യോഗസ്‌ഥരുടെ തീരുമാനം. മരണത്തിൽ ഉത്തരവാദികൾ ആയവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് അവധിയെടുക്കുന്നത്.
അതിനിടെ, എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ജീവനക്കാരൻ കച്ചവട സ്‌ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് എൻജിഒ അസോസിയേഷന്റെ ആവശ്യം.
അതേസമയം, എഡിഎം നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു. എന്നാൽ, യാത്രയയപ്പ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!