കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലൻ കാർട്ടലി’നെ തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഡാർക്‌നെറ്റിന്റെ മറവിൽ ലഹരിമരുന്ന്- ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന ഇന്ത്യയിലെ പ്രധാന ശൃംഖലയാണിത്. എൻസിബി കൊച്ചി സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ മെലനി’ലാണ് വൻ ലഹരിമരുന്ന് സംഘം വലയിലായത്.
സംഘത്തിൽ നിന്ന് വൻതോതിൽ ലഹരിമരുന്നും ക്രിപ്റ്റോകറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻസിബി അധികൃതർ അറിയിച്ചു. 1,127 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ, 131.66 കിലോഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയ്‌ക്ക് തുല്യമായ കോയിൻ ക്രിപ്റ്റോകറൻസി അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. സംഘാംഗമായ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയതായാണ് സൂചന.
കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിച്ചുവന്നിരുന്ന കെറ്റാമെലൻ എന്ന ലഹരിമരുന്ന് കാർട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി എന്നിവയുൾപ്പടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എൽഎസ്‌ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.
ജൂൺ 28ന് കൊച്ചിയിൽ എത്തിയ മൂന്ന് തപാൽ പാഴ്‌സലുകളിൽ നിന്നാണ് സംശയം ഉയർന്നത്. ഇതിൽ 280 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ‘ലെവൽ 4′ ഡാർക്‌നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്ന് എൻസിബി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എൽഎസ്‌ഡി വിൽപ്പനക്കാരായ കുപ്രസിദ്ധനായ ഡോ. ന്യൂസിന്റെ യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ‘വെണ്ടർ ഗുംഗ ദിനി’ൽ നിന്നാണ് കെറ്റാമെലൻ കാർട്ടൽ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എൻസിബി കണ്ടെത്തി. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ടെന്നും അധികൃതർ അറിയിച്ചു.
Most Read| തന്ത്രപ്രധാന പങ്കാളി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി