ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ആണ് എൻസിബിയുടെ നിർണായക നീക്കം.
ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. ഇതുമായിബന്ധപ്പെട്ട വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു.
അതേസമയം, ഉച്ചയോടെ ബിനീഷിനെ ബംഗളൂര് സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായക തെളിവായി സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഇഡി. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.
ബംഗ്ളൂര് മയക്കുമരുന്നു കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് എങ്ങനെ ബിനീഷിന്റെ കൈയിൽ എത്തി എന്നാണ് ഇഡി അന്വേഷിക്കുന്നത്. എന്നാൽ ഇഡി ഉദ്യോഗസ്ഥർ തന്നെ കാർഡ് കൊണ്ടുവന്നു വെച്ചതാണ് എന്നാണ് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവരുടെ ആരോപണം.
Also Read: ഇഡിക്കെതിരെ നിയമസഭാ സമിതിയുടെ നോട്ടീസ്
അറസ്റ്റ് ചെയ്തതിന് ശേഷം ഒൻപത് ദിവസമായി ഇഡി ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. നീണ്ട 26 മണിക്കൂറുകളാണ് ഇഡി ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.








































