കോഴിക്കോട്: സംസ്‌ഥാനത്തെ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വകുപ്പ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 700 കോടിയിലധികം രൂപയുടെ ആദായനികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തി.
ലാഭം കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഉപഭോക്‌താക്കളോട് ജിഎസ്‌ടി അടക്കം ഈടാക്കിയ ശേഷം കമ്പ്യൂട്ടറിൽ കൃത്രിമം കാണിച്ച് ബിൽ തുക കുറച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കാസർഗോഡ് മുതൽ കൊല്ലം വരെ 45 ഇടങ്ങളിലായിരുന്നു പരിശോധന. ഹവാല ഇടപാടുകൾക്കും തെളിവ് ലഭിച്ചിട്ടുണ്ട്.
ഇതര സംസ്‌ഥാനങ്ങളിലെ തുണി മില്ലുകളിൽ നിന്നും മൊത്തക്കച്ചവടക്കാരിൽ നിന്നും ടെക്‌സ്‌റ്റൈൽസുകാർ വാങ്ങുന്ന തുണിത്തരങ്ങളുടെ വില സ്വർണക്കടത്ത് ഹവാല സംഘങ്ങളാണ് നൽകുക. കള്ളക്കടത്തായി എത്തുന്ന സ്വർണം കേരളത്തിന് പുറത്ത് വിറ്റ് ടെക്‌സ്‌റ്റൈൽസുകൾക്ക് വേണ്ടി തുണിമില്ലുകൾക്ക് പണം നൽകും.
തുല്യമായ തുക ടെക്‌സ്‌റ്റൈൽ ഉടമകൾ ഹവാല ഇടപാടുകാർക്ക് കേരളത്തിൽ കൈമാറും. വർഷങ്ങളായി ഈ രീതി പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമായി അറുന്നൂറോളം ആദായനികുതി ഉദ്യോഗസ്‌ഥർ മൂന്ന് ദിവസമായി നടന്ന പരിശോധനയിൽ പങ്കെടുത്തു.
Most Read| അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ