ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുമായി ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിലെ പരാതിക്കാരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ ദേശീയ വനിതാ കമ്മീഷൻ ഉടൻ കേരളത്തിലെത്തും. കമ്മീഷൻ അംഗങ്ങൾക്ക് മുമ്പാകെ പുതിയ പരാതി നൽകാനുള്ള അവസരവുമുണ്ടാകും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കമ്മീഷന് നൽകണമെന്ന് സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട് നൽകാത്ത സാഹചര്യത്തിലാണ് കേരളത്തിലേക്ക് വരാൻ കമ്മീഷൻ തീരുമാനിച്ചത്. റിപ്പോർട് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
മൊഴികളുടെ അടിസ്‌ഥാനത്തിൽ തുടർനടപടികൾ എടുക്കുമെന്നാണ് സൂചന. വിഷയം പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയും ഉടൻ രീപീകരിക്കും. ഓഗസ്‌റ്റ് 30നാണ് വനിതാ കമ്മീഷൻ കത്തയച്ചത്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ സന്ദീപ് വാചസ്‌പതി, പിആർ ശിവശങ്കർ എന്നിവരാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്റെ ആസ്‌ഥാനത്തെത്തി പരാതി നൽകിയത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവം ഉള്ളതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ കേസെടുക്കും. ഒരാഴ്‌ചക്കകം നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്. റിപ്പോർട് ഉടൻ ഹൈക്കോടതിയിലും സമർപ്പിക്കും.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ