ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, നിതീഷ് കുമാറിനായി വടംവലി നടത്തി ബിജെപിയും ഇന്ത്യാ സഖ്യവും. 543 അംഗ സഭയിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തിരഞ്ഞെടുപ്പിനെലെ കിംഗ് മേക്കർമാരിൽ ഒരാളാണ് ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ.
രണ്ടാമത്തെയാൾ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിതീഷ് കുമാറിന്റെ പുന്തുണക്കായി ബിജെപിയും ഇന്ത്യാ സഖ്യവും ശ്രമം നടത്തുന്നതിനിടെയാണ് അദ്ദേഹം തേജസ്വിക്കൊപ്പം വിമാനയാത്ര നടത്തുന്ന ദൃശ്യം പുറത്തുവന്നത്. ബിജെപിയുടെയും ഇന്ത്യാ മുന്നണിയുടെയും നിർണായക യോഗങ്ങൾ ഇന്ന് ഡെൽഹിയിൽ നടക്കുന്നുണ്ട്. കേവല ഭൂരിപക്ഷം ഒറ്റയ്‌ക്ക് നേടാനാകാതെ ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു, ടിഡിപി പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ്.
ഇതിനിടെയാണ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ തേജസ്വിക്കൊപ്പം നിതീഷിന്റെ വിമാനയാത്രയെന്നതും ശ്രദ്ധേയം. നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ ശരത് പവാറടക്കമുള്ള നേതാക്കൾ ശ്രമിച്ചുവെന്ന് നേരത്തെ മുതൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മോദി നയിക്കുന്ന സർക്കാരിനെ പിന്തുണയ്‌ക്കരുതെന്ന് നിതീഷിനോടും നായിഡുവിനോടും തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും അഭ്യർഥിച്ചിരുന്നു.
അതേസമയം, ആന്ധ്രപ്രാദേശിന് പ്രത്യേക പദവി ഉപ്പാടെ എൻഡിഎയിൽ നിന്ന് വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. സുപ്രധാന കാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനക്കും ആവശ്യപ്പെടും. ഇന്നത്തെ എൻഡിഎ യോഗത്തിൽ നായിഡുവിനൊപ്പം പവൻ കല്യാണും പങ്കെടുക്കും. യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകും. ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചേക്കും.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ