മലപ്പുറം: ജില്ലയിൽ ഇത്തവണ എൻഡിഎ മുന്നേറുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മലപ്പുറത്ത് ഇത്തവണ എൻഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടങ്ങളിൽ ഭരണം പിടിക്കും. പലയിടങ്ങളിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിൽ വിജയം ലഭിക്കുമെന്ന് സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സുരേന്ദ്രൻ.
യുഡിഎഫിനോടും എൽഡിഎഫിനോടും എതിർപ്പുള്ള വോട്ടുകൾ ഇത്തവണ എൻഡിഎക്ക് ലഭിക്കും. ഇരുപാർട്ടികളുടെയും കൂട്ടുകെട്ടിൽ എതിർപ്പുള്ള ഒട്ടേറെ ആളുകൾ ജില്ലയിലുണ്ട്. അതുപോലെ തന്നെ സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ എൽഡിഎഫിനെതിരായ വികാരം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൻഡിഎ വോട്ട് പിടിക്കുമെന്ന് സുരേന്ദ്രൻ പറയുന്നത്.
Also Read: ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കും
ഇത്തവണ പിന്നോക്ക വിഭാഗക്കാരുടെ പിന്തുണ കൂടുതലായി ലഭിക്കും. മലപ്പുറത്തും കണ്ണൂരും ബിജെപി സിപിഎമ്മുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപണമുണ്ട്. സിപിഎമ്മുമായി ഒത്തുകളിക്കുന്നത് യുഡിഎഫാണ്. പലയിടത്തും ഇരുകൂട്ടരും രഹസ്യ ധാരണകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള നീക്കുപോക്കുകളും വേണ്ടെന്ന് കീഴ്ഘടകങ്ങൾക്ക് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ സ്വതന്ത്ര സ്ഥാനാർഥികളുമായി പോലും ഇത്തവണ ധാരണയില്ല.
ഈ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പല നിയമസഭാ മണ്ഡലങ്ങളിലും അൽഭുതകരമായ മുന്നേറ്റം ഉണ്ടാകും. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.