ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ജമ്മു കശ്‌മീർ, കർണാടക, യുപി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 1500ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിൽ എത്തിച്ചു.
ഇതിൽ 110 വിദ്യാർഥികളെ ആദ്യഘട്ടമെന്ന നിലയിൽ ഇന്ന് ഡെൽഹിയിൽ എത്തിക്കും. വ്യോമമേഖല അടച്ചിട്ടിരിക്കുന്നതിനാൽ ടെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെ ക്വേം നഗരത്തിൽ എത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്. അർമീനിയ, യുഎഇ എന്നീ രാജ്യങ്ങൾ വഴി കടൽ, കര മാർഗങ്ങളിലൂടെയാകും ഒഴിപ്പിക്കൽ. കഴിയുമെങ്കിൽ സ്വന്തം നിലയ്‌ക്ക് ടെഹ്‌റാൻ വിടാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, അഞ്ചുദിവസമായി തുടരുന്ന ഇസ്രയേൽ-ഇറാൻ സംഘർഷത്തിന് ‘യഥാർഥ പര്യവസാനമാണ്’ വേണ്ടതെന്ന പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വെറും വെടിനിർത്തലല്ല ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾക്കകം ‘ഇറാൻ കീഴടങ്ങണം’ എന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാൻ കഴിയുമെങ്കിലും ഇപ്പോൾ അത് ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, ഇസ്രയേൽ യുദ്ധവിമാനങ്ങൾ ചൊവ്വാഴ്‌ചയും ഇറാനിൽ ശക്‌തമായ വ്യോമാക്രമണം നടത്തി. രാത്രി ടെഹ്റാനിൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഉന്നത ജനറൽ അലി ഷദ്‌മാനിയെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്‌മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.
അതേസമയം, മരണകാരണം ഇസ്രയേൽ സ്‌ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ പടിഞ്ഞാറൻ പ്രവിശ്യയിലെ ലൊറെസ്‌താനിൽ 21 പേർ കൊല്ലപ്പെട്ടു. ഇറാന്റെ രണ്ട് എഫ്-14 വിമാനങ്ങൾ ഇസ്രയേൽ വെടിവെച്ചിട്ടു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ആക്രമണം ഇസ്രയേൽ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, മധ്യപൂർവദേശത്തേക്ക് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായാണ് റിപ്പോർട്. എഫ്- 16, എഫ്- 22, എഫ്- 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്‌റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്ക് തിരിച്ചു. അതിനിടെ ജറുസലേമിലെ യുഎസ് എംബസി സുരക്ഷ കണക്കിലെടുത്ത് താൽക്കാലികമായി അടച്ചു.
Most Read| വാൻ ഹായ് 503 കപ്പൽ തീപിടിത്തം; കേസെടുത്ത് പോലീസ്