ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ സഹിതം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉദ്യോഗസ്‌ഥരുടെ വാർത്താ സമ്മേളനം. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സൈന്യം വ്യക്‌തമാക്കി.
സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രമാണ്. കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകര കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വ്യക്‌തമാക്കി. ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയ്‌ക്ക് ശേഷം നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എകെ ഭാരതി, വൈസ് അഡ്‌മിറൽ എഎൻ പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. പാക്കിസ്‌ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ എയർമാർഷൽ എകെ ഭാരതി പുറത്തുവിട്ടു.
ബാവൽപുരിലെ ഭീകര ക്യാമ്പായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുദ്‌രികെയിലെ ഭീകര കേന്ദ്രവും തകർത്തു. കൊടും ഭീകരരെ പരിശീലിപ്പിക്കുന്ന മുദ്‌രികെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്‌ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകൾ വ്യോമസേന പുറത്തുവിട്ടു.
പാക്കിസ്‌ഥാൻ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എകെ ഭാരതി വ്യക്‌തമാക്കി. പാക്കിസ്‌ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്‌റ്റേഷനുകളും തകർത്തു. 35-40 സൈനികർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്‌ഥാന്റെ കണക്കെന്നും സൈന്യം പറഞ്ഞു.
പാക്കിസ്‌ഥാൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർമാർഷൽ എകെ ഭാരതി പറഞ്ഞു. എന്നാൽ, പാക്കിസ്‌ഥാൻ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളിൽ ആക്രമണം നടത്തി. സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്. ശത്രുവിന് കനത്ത തിരിച്ചടി നൽകിയെന്നും, പോർമുഖത്ത് നഷ്‌ടങ്ങളും സ്വാഭാവികമാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ