തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ വൈകുന്നേരത്തോടെ ആണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.
രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക. ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം.
ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്‌ഥിതി മോശമാകുകയും തിങ്കളാഴ്‌ച ഉച്ചയോടെ മരണം സംഭവിക്കുകയും ആയിരുന്നു.
അഞ്ച് പതിറ്റാണ്ടുകൾക്ക് ഇടയിൽ അഞ്ഞൂറിലധികം ശക്‌തമായ വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച അതുല്യ പ്രതിഭയായ നെടുമുടി വേണു നായകനായും, വില്ലനായും, സഹനടനായും ഒക്കെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയിരുന്നു.
1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡും, 2003ൽ ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും നേടി. 1987ലും 2003ലും മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. ‘മാർഗ’ത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്‌ത ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Most Read: കനത്ത തിരിച്ചടി നൽകി സൈന്യം; കശ്‌മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു








































