നടൻ നെടുമുടി വേണുവിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ

By News Desk, Malabar News
Nedumudi Venu
Ajwa Travels

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടുകൾക്ക് ഇടയിൽ അഞ്ഞൂറിലധികം ശക്‌തമായ വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച അതുല്യ പ്രതിഭയായ നെടുമുടി വേണു നായകനായും, വില്ലനായും, സഹനടനായും ഒക്കെ മലയാളി പ്രേക്ഷകർക്ക് മുൻപിൽ നിറഞ്ഞാടിയിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം. നെടുമുടിയിലെ എന്‍എസ്‌എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്‌ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

വിഖ്യാത സംവിധായകൻ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു സിനിമാ പ്രവേശനം. തുടർന്നിങ്ങോട്ട്‌ മലയാളികളുടെ മനസിൽ കോറിയിട്ട നിരവധി കഥാപാത്രങ്ങൾ. ഇന്ത്യൻ, അന്യൻ ഉൾപ്പെടെ ബ്രഹ്‌മാണ്ഡ തമിഴ്‌ ചിത്രങ്ങളിലും വേഷമിട്ടു. പൂരം എന്ന സിനിമ സംവിധാനം ചെയ്‌തു. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി.

1990ൽ മികച്ച സഹനടനുള്ള ദേശീയ അവാർഡും, 2003ൽ ദേശീയ അവാർഡിൽ പ്രത്യേക പരാമർശവും നേടി. 1987ലും 2003ലും മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരത്തിനും അദ്ദേഹം അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്‌ത ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE