കൊല്ലം: ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നടന്ന നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാല്‍. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സംഭവത്തില്‍ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നും വിദ്യാർഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
പുരോഗമനപരമായി ചിന്തിക്കുന്ന ഈ സംസ്‌ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷാ നടത്തിപ്പിനിടെയാണ് ഈ ദുരനുഭവമുണ്ടായത്. പരീക്ഷ എഴുതാനെത്തുമ്പോള്‍ തന്നെ വിദ്യാർഥികള്‍ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ആ സമ്മര്‍ദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്‌ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാർഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്‌തത്.
ഒരുകാരണവശാലും നമ്മുടെ സംസ്‌ഥാനത്ത് ഇതനുവദിച്ച് കൊടുക്കില്ല. വനിതാ കമ്മീഷൻ സ്വമേധയാ വിഷയത്തില്‍ കേസെടുക്കും; ഷാഹിദ കമാല്‍ പ്രതികരിച്ചു.
Most Read: മങ്കി പോക്‌സ്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി രോഗം