ന്യൂഡെൽഹി: ഏറെ വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പടെ 17 വിദ്യാർഥികൾ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി. ഇതിൽ 13 പേർ ആൺകുട്ടികളും നാലുപേർ പെൺകുട്ടികളുമാണ്.
പുതുക്കിയ ഫലങ്ങൾ exams.nta.ac.in/NEET എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ഫലത്തിനൊപ്പം ഉദ്യോഗാർഥികൾക്ക് സ്‌കോർ കാർഡും വെബ്‌സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. നിലവിൽ കേരളത്തിൽ നിന്ന് ശ്രീനന്ദിന് മാത്രമാണ് ഒന്നാം റാങ്ക്. നേരത്തെ പുറത്തുവിട്ട ഫലപ്രകാരം കേരളത്തിൽ നിന്നുള്ള നാലുപേർക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
പുതുക്കിയ ഫലം രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് യുജിയുടെ ആദ്യ ഫലം ജൂൺ നാലിനും രണ്ടാമത്തേത് ജൂൺ 30നും മൂന്നാമത്തേത് ജൂലൈ 20നുമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള 571 നഗരങ്ങളിലും ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങളിലുമായി 4750 കേന്ദ്രങ്ങളിലാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്.
Most Read| അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും