പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷയും നൽകും. രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പോത്തുണ്ടി വനമേഖലയിൽ നിന്ന് പ്രതി പിടിയിലായത്.
അഞ്ചുപേരെ കൊലപ്പെടുത്താനാണ് പദ്ധതിയിട്ടതെന്നാണ് ചെന്താമരയുടെ മൊഴി. അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. അതിൽ രണ്ടുപേരെ മാത്രമേ ഇപ്പോൾ വകവരുത്തിയിട്ടുള്ളൂവെന്നും ഇയാൾ സമ്മതിച്ചു. രാത്രി വൈകി പിടിയിലായ പ്രതിയെ നെൻമാറ പോലീസ് സ്‌റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്‌തത്.
തന്റെ കുടുംബം തകരാൻ കാരണം ഇവരാണെന്ന ചിന്തയും അത് മൂലമുണ്ടായ പകയുമാണ് ചെന്താമരയെ കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരും പോലീസും പലവട്ടം തിരച്ചിൽ നടത്തുന്നത് കണ്ടതായി ചെന്താമര സമ്മതിച്ചു. ഡ്രോൺ പറത്തുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങിയിരുന്നുവെന്നും പ്രതി പറഞ്ഞു.
പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. എന്റെ ഭാര്യയെ കൊന്നതിന് കാണിച്ച് തരാം എന്ന് സുധാകരൻ പറഞ്ഞു. ഇതോടെയാണ് സുധാകരനെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി. കൊലയ്‌ക്ക് ശേഷം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
രാത്രി എട്ടുമണിയോടെ പോത്തുണ്ടിയിൽ ചെന്താമരയെ കണ്ടെന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഓടിമറഞ്ഞത് ചെന്താമരയാണെന്ന് ഒരു പോലീസുകാരൻ ഉറപ്പിച്ച് പറഞ്ഞതോടെ നാടിളക്കി തിരച്ചിൽ തുടങ്ങി. കുറുവടികളുമായി നാട്ടുകാരും തിരച്ചിലിന്റെ ഭാഗമായി. ഒന്നരമണിക്കൂറിലേറെ തിരച്ചിൽ നീണ്ടിട്ടും ചെന്താമരയെ കണ്ടെത്താനായില്ല.
ഇതോടെ, ഇന്നത്തെ തിരച്ചിൽ നിർത്തുന്നുവെന്ന് പോലീസിന്റെ അറിയിപ്പ് വന്നു. രാത്രി 9.45ഓടെ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെന്ന് കരുതി ഭക്ഷണം തേടി ചെന്താമര പോത്തുണ്ടി മലയിറങ്ങി. കുടുംബവീട്ടിലെത്തി ഭക്ഷണം കഴിച്ച് കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണവും ഉണ്ടാക്കി ഒളിവിൽ കഴിയാനുള്ള സാധനങ്ങളുമായി തിരികെ കാട് കയറാനായിരുന്നു ഇയാളുടെ ലക്ഷ്യം.
2019ൽ സജിതയെ കൊല നടത്തിയ ശേഷവും ഒളിവിൽപ്പോയ ചെന്താമര വിശന്ന് വലഞ്ഞ് കുടുംബവീട്ടിൽ എത്തിയപ്പോഴാണ് അന്നും പോലീസ് പിടികൂടിയത്. ഇക്കാര്യം അറിയാവുന്ന പോലീസ് പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ കാത്തുനിന്നത് ചെന്താമര അറിഞ്ഞില്ല. വീടിന് സമീപത്തെ വയലിലൂടെ നടന്നുവരുമ്പോൾ പ്രതിയെ പോലീസ് പിടികൂടി.
ഓടാനോ ഒളിക്കാനോ പ്രതിരോധിക്കാനോയുള്ള ശേഷി വിശപ്പിന്റെ കാഠിന്യത്തിൽ ചെന്താമരയ്‌ക്ക് ഇല്ലായിരുന്നു. പത്തരയോടെ പ്രതി പിടിയിലായ വിവരം പോലീസ് സ്‌ഥിരീകരിച്ചു. ഇതോടെ നാട്ടുകാർ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തി. പ്രതിയെ ഞങ്ങൾക്ക് വിട്ടുതരണമെന്നും ഞങ്ങൾ കൈകാര്യം ചെയ്യുമെന്നും ജനക്കൂട്ടം ആക്രോശിച്ചു. രോഷാകുലരായ നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പെപ്പർ സ്‌പ്രേ ഉപയോഗിച്ചതായും നാട്ടുകാർ പറയുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം