ജറുസലേം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടിയിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറയുന്നത്.
അതേസമയം, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻമാറില്ലെന്നും നെതന്യാഹു സൂചന നൽകി. ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് ഈ പിൻമാറ്റം. ഇസ്രയേലും ഹമാസും തമ്മിൽ തിങ്കളാഴ്‌ച ഈജിപ്‌തിൽ വെച്ച് ചർച്ചകൾക്ക് തയ്യാറെടുക്കുകയാണ്.
”ഇസ്രയേൽ സൈന്യം ഗാസയിൽ നിയന്ത്രിക്കുന്ന പ്രദേശങ്ങൾ നിലനിർത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, ഹമാസിനെ സ്വാതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ നിരായുധരാക്കും. കൂടുതൽ കാലതാമസം ട്രംപ് അംഗീകരിക്കില്ല”- നെതന്യാഹു പറഞ്ഞു.
ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ 48 ഇസ്രയേൽ പൗരൻമാരിൽ 20 പേർ ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി