പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്‌നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ കേസിൽ അറസ്‌റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ് അറിയിച്ചു.
കൂടുതൽ അന്വേഷണത്തിന് ശേഹം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമക്കൽ, IT65 എന്നീ വകുപ്പുകൾ ചുമത്തിയാണ് പാലക്കാട് കസബ പോലീസ് കേസടുത്തിരിക്കുന്നത്. സ്വപ്‌ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്‌താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം.
ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നു, സ്വപ്‌നയുടെ മൊഴികൾ ചിലർ വിശ്വസിച്ചു ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കാട്ടിയാണ് സിപിഎം നേതാവ് പരാതി നൽകിയത്. അതിനിടെ, ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് രാവിലെ ഹരജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയായാണ് മുൻ മന്ത്രി കെടി ജലീൽ തനിക്കെതിരെ കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന് സ്വപ്‌ന സുരേഷ് ഹരജിയിൽ വ്യക്‌തമാക്കി.
Most Read: ഡെൽഹിയിൽ ഇന്നും പ്രതിഷേധം കടുക്കും; രാഹുൽ ഗാന്ധിയെ നേതാക്കൾ അനുഗമിക്കും







































