തിരുവനന്തപുരം: പുതിയ മദ്യനയം സംസ്‌ഥാനത്ത് നടപ്പിലാക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇന്ന് ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് മന്ത്രിസഭ ചർച്ച ചെയ്യുക. ഒന്നാം തീയതിയിൽ ഡ്രൈ ഡേ തുടരാനാണ് സാധ്യത. ലൈസൻസ് ഫീസിൽ അഞ്ചു ലക്ഷം രൂപ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
ധനവകുപ്പിന്റെ ആവശ്യപ്രകാരമാണ് ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത്. ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ടിയിരുന്ന മദ്യനയം പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക.
കഴിഞ്ഞ വർഷമാണ് ഐടി പാർക്കുകളിൽ മദ്യശാലകൾ പ്രഖ്യാപിച്ചത്. എന്നാൽ, നടത്തിപ്പ് രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നില്ല. ഐടി വകുപ്പിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം സബ്‌ജക്‌ട് കമ്മിറ്റിയും വിഷയം ചർച്ച ചെയ്‌തു. ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ളബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു ധാരണ. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം തീരുമാനിക്കും.
Most Read: കൈക്കൂലി; വില്ലേജ് അസിസ്‌റ്റന്റ് സുരേഷ് കുമാറിനെ നാളെ വിജിലൻസ് കോടതിൽ ഹാജരാക്കും