കോഴിക്കോട്: പുതുവൽസരം ആഘോഷിക്കാൻ ചുരം കയറാമെന്ന് ആരും വിചാരിക്കണ്ട. താമരശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് മുതൽ തിങ്കളാഴ്‌ച രാവിലെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമാണ് നിയന്ത്രണം. അതേസമയം, ചുരത്തിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് നിയന്ത്രണമില്ല.
നാളെ വൈകിട്ട് മുതൽ മറ്റന്നാൾ രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യാനും ചുരത്തിലിറങ്ങി ഫോട്ടോ എടുക്കാനും അനുവദിക്കില്ല. ചുരത്തിലെ കടകൾ നാളെ വൈകിട്ട് ഏഴ് മണിക്ക് അടക്കാനും താമരശേരി പോലീസ് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് പോലീസ് പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാനും വാഹന തിരക്ക് നിയന്ത്രിക്കാനും നാളെ വൈകിട്ട് മുതൽ ചുരത്തിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഹൈവേ പട്രോളിങ് ശക്‌തമാക്കുമെന്നും താമരശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ അറിയിച്ചു.
Most Read| ‘ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്, വീടുകളിൽ ദീപം തെളിയിക്കണം’; പ്രധാനമന്ത്രി