ദോഹ: ദോഹ വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഖത്തർ പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്‌ദുൽ അസീസ് അൽത്താനി ഉത്തരവിട്ടു. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത് ചെയ്‌തവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണ നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) വ്യക്‌തമാക്കി.
അന്നേ ദിവസം ദോഹയിലേക്ക് വരികയും അവിടെ നിന്ന് പോവുകയും ചെയ്‌ത വിമാനത്തിൽ യാത്ര ചെയ്‌തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ നടപടി മൂലം ഏതെങ്കിലും യാത്രക്കാരുടെ വ്യക്‌തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായും ജിസിഒ പ്രസ്‌താവനയിൽ പറഞ്ഞു. അന്വേഷണ പുരോഗതി മറ്റ് രാജ്യങ്ങളുമായി പങ്കു വെക്കുമെന്നും ജിസിഒ വ്യക്‌തമാക്കി.
Also Read: നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ വീണ്ടും രജിസ്റ്റർ ചെയ്യണം
ഒക്‌ടോബർ രണ്ടിനാണ് ദോഹ ഹമദ് വിമാനത്താവളത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്ളാസ്‌റ്റിക് ബാഗിൽ ഒളിപ്പിച്ച് എയർപോർട്ടിലെ ഗാർബേജ് ബോക്‌സിൽ മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. സംഭവം വിമാനത്താവള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. മികച്ച ചികിൽസയിലൂടെ കുഞ്ഞ് അപകടനില തരണം ചെയ്‌തതായും ആരോഗ്യനില തൃപ്‌തികരമാണെന്നും ജിസിഒ അറിയിച്ചു.