കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. ആരോഗ്യനില തൃപ്‌തികരമായ ശേഷം യുവതിയെ കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ മാത്രം സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തും.
റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം. ആമസോണിൽ ഉൽപ്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ പോലീസ് എത്തിയത്. അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവം അറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്.
ഗർഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘർഷത്തിലാണ് കൃത്യം ചെയ്‌തതെന്നുമാണ് യുവതിയുടെ മൊഴി. ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായത്. വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി. ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്.
പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനെയും മറവ് ചെയ്യണമെന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്. കൊലപാതകക്കുറ്റം ചുമത്തി കസ്‌റ്റഡിയിൽ എടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് കൂടി കിട്ടിയശേഷമാകും തുടർനടപടികൾ.
Most Read| ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌ക്കരണം; സ്‌റ്റേ ഇല്ല, കാരണങ്ങൾ ഇല്ലെന്ന് ഹൈക്കോടതി