പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പോലീസിൽ നിന്ന് കേസ് ഡയറി ലഭിക്കുന്ന മുറക്ക് കൊച്ചി എൻഐഎ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യും.
നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ശ്രീനിവാസൻ വധത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സിഎ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന പോലീസ് കേസ് അന്വേഷണത്തിൽ ഇതുവരെ 42 പ്രതികൾ പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ എപ്രിൽ 16ന് ഉച്ചക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസന്റേത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, ഡിവൈഎസ്പി എം അനിൽകുമാർ, ഇൻസ്പെക്ടർ ഷിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.
Most Read: സ്മൃതി ഇറാനിക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം; കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്








































