ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക് പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്‌ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.
നിമിഷപ്രിയ പ്രതിയായ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. നിമിഷ കഴിയുന്ന ജയിൽ സ്‌ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണ മേഖലയിലാണ്. അതേസമയം, യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ ചെയർമാനായ ഡോ. റാഷിദ് അൽ അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും യെമൻ എംബസി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക് യെമൻ പ്രസിഡണ്ട് അംഗീകാരം നൽകിയെന്നും ശിക്ഷ ഒരുമാസത്തിനകം നടപ്പാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ളിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തിൽ വ്യക്‌തത വരുത്തിയത്. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഹൂതി വിഭാഗത്തെ പിന്തുണയ്‌ക്കുന്ന ഇറാൻ വ്യക്‌തമാക്കിയിട്ടുണ്ട്.
തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. 2017 ജൂലൈ 25നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു. ക്രൂരപീഡനത്തിന് ഇരയായ നിമിഷ, ക്ളിനിക്കിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദ്ദേശ പ്രകാരം അമിത ഡോസ് മരുന്ന് കുത്തിവെച്ചതാണ് മരണത്തിന് ഇടയാക്കിയത്. മരുന്ന് കുത്തിവെക്കാൻ സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. നിയമ പോരാട്ടത്തിനൊടുവിൽ ഡെൽഹി ഹൈക്കോടതി അനുമതി നൽകിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് യെമൻ പ്രസിഡണ്ടിന് ദയാഹരജി നൽകിയിരുന്നു. എന്നാൽ, അതും തള്ളുകയായിരുന്നു.
ദയാധനം നൽകിയുള്ള ഒത്തുതീർപ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. തലാലിന്റെ കുടുംബവും ഗോത്രത്തലവൻമാരും മാപ്പ് നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. നിമിഷപ്രിയയുടെ അമ്മ സനയിലെത്തിയിട്ട് അഞ്ചുമാസമായി. സനയിൽ സേവ് ആക്‌ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരി ഇപ്പോഴുള്ളത്.
Film| ജഗതി ശ്രീകുമാർ ‘വല’ യിലൂടെ മുഴുനീള വേഷത്തിലെത്തുന്നു