ജഗതി ശ്രീകുമാർ ‘വല’ യിലൂടെ മുഴുനീള വേഷത്തിലെത്തുന്നു

2012ലുണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ‘വല’ എന്ന സിനിമയിലെ 'പ്രഫസർ അമ്പിളി' യായി ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലൂടെ തിരിച്ചെത്തുകയാണ്.

By Senior Reporter, Malabar News
Jagathy Sreekumar in Vala Movie
Ajwa Travels

വിഖ്യാത ബ്രിട്ടിഷ് ഭൗതിക ശാസ്‌ത്രജ്‌ഞനായ സ്‌റ്റീഫൻ ഹോക്കിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ക്യാരക്‌ടർ പോസ്‌റ്റർ തന്റെ ഫേസ്ബുക്‌ പേജിലൂടെ പങ്കുവെച്ചാണ് ജഗതിയുടെ പ്രഖ്യാപനം.

ഇന്ന്, 1951 ജനുവരി 5ന് ജനിച്ച, തന്റെ 73ആം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാർ 1957ൽ വിമൽകുമാർ സംവിധാനം ചെയ്‌ത, കുമാരി തങ്കവും പ്രേംനസീറും നായികാ നായകൻമാരായ സിനിമയിൽ ബാലതാരമായാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ഇതുവരെ 1500ലധികം മലയാള സിനിമകളിൽ അഭിനയിച്ച ഇദ്ദേഹം അവസാനം പ്രത്യക്ഷപ്പെട്ടത് എസ്എൻ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടിന്റെ സിബിഐ സീരീസിലെ ‘സിബിഐ 5 – ദി ബ്രെയിൻ’എന്ന സിനിമയിൽ ആയിരുന്നു.

2012ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സിനിമകളിൽ നിന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാർ, ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് അറിയിച്ചിട്ടുള്ളത്. ‘വല’ എന്ന സിനിമയുടെ പോസ്‌റ്റർ പങ്കുവെച്ചപ്പോൾ തന്നെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്നാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.

ലോകത്തെ തന്റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്‌റ്റർ മൈൻഡ് ശാസ്‌ത്രജ്‌ഞന്റെ റോളാണ് അദ്ദേഹത്തിനെന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്‌തമായ അവതരണമാണ് പോസ്‌റ്ററിലുള്ളത്. ‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിന്റെ രണ്ടാമത്തെ ചിത്രമായാണ് വല ഒരുങ്ങുന്നത്.

vala Mlayalam movie

അജു വർഗീസ്, ഗോകുൽ സുരേഷ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോംബികളുടെ കഥയാണ് വല പറയുന്നത്. മരണപ്പെട്ടിട്ടും ജീവൻ നിലനിർത്തുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവേ ഫിക്ഷനിൽ കണ്ടുവരുന്നത്.

ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്‌ക്രീനിൽ എത്തിയിട്ടുള്ളൂ. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിൽ ഒന്നായാണ് വല വരാനൊരുങ്ങുന്നത്. ഈ വർഷം തന്നെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vala movie

ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരക്കാർ, കെബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്‌ക്ക് ഉണ്ട്.

അണ്ടർഡോഗ്‌സ് എന്റർടെയ്‌മെന്റ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ലെറ്റേഴ്‌സ് എന്റർടെയ്‌മെന്റ്‌സാണ്. ടെയ്‌ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം- സുർജിത് എസ് പൈ, സംഗീതം ശങ്കർ ശർമ, എഡിറ്റിങ്- സിജെ അച്ചു, മേക്കപ്പ്- ആർജി വയനാടൻ, വസ്‍ത്രാലങ്കാരം- ബ്യൂസി ബേബി ജോൺ, വിഎഫ്‌എക്‌സ് മേരാക്കി, സൗണ്ട് ഡിസൈൻ- ശങ്കരൻ എഎസ്, സിദ്ധാർഥൻ, ഫൈനൽ മിക്‌സ്- വിഷ്‌ണു സുജാതൻ, ക്രിയേറ്റീവ് ഡയറക്‌ടർ- വിനീഷ് നകുലൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ആതിര ദിൽജിത്ത്.

Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE