കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിൽസയിൽ ഉള്ളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സ്‌ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് വീടുകൾ കയറിയുള്ള സർവേ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കിയാതായി ആരോഗ്യമന്ത്രി അറിയിച്ചു.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി 14 വയസുകാരനാണ് ഇന്ന് രാവിലെ 11.30 ഓടെ മരിച്ചത്. കുട്ടി അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇക്കഴിഞ്ഞ 15ആം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്നതും സ്രവം പരിശോധനക്ക് അയച്ചതും. അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും. ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഉടൻ കേരളത്തിൽ എത്തുമെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അടിയന്തിര നടപടികൾക്കും നിർദ്ദേശം നൽകി.
രോഗിയുടെ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി അവരെ അടിയന്തിരമായി ക്വാറന്റെയ്‌നിൽ ആക്കണം. സാമ്പിൾ പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയത്. മോണോക്‌ളോണൽ ആന്റിബോഡി കേരളത്തിന്റെ അഭ്യർഥന പ്രകാരം നേരത്തെ അയച്ചെന്നും എന്നാൽ രോഗിയുടെ അനാരോഗ്യം മൂലം നൽകാനായില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. മാസ്‌ക് നിർബന്ധമായും ധരിക്കണം. സെക്കണ്ടറി സമ്പർക്ക പട്ടിക കൂടി ഉടൻ തയ്യാറാക്കും.
Most Read| 98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറിയില്ല; തിരച്ചിൽ ഇനി ഗംഗാവലി പുഴയിലേക്ക്