പെരിന്തൽമണ്ണ: നിപ രോഗലക്ഷങ്ങളോടെ ചികിൽസയിലായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വെള്ളിയാഴ്‌ചയാണ് ഇയാളെ പനിയും ശ്വാസതടസവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്‌ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്‌താണ് ഇയാളെ ചികിൽസിച്ചത്. പിന്നാലെ, ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങി.
ഇദ്ദേഹത്തിന്റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടം കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചേക്കും. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ച് മരിച്ചിരുന്നു. അതേസമയം, നിപ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ 497 പേരാണുള്ളത്. മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട്ട് 178 പേരും എറണാകുളത്ത് രണ്ടുപേരുമാണ് പട്ടികയിൽ.
മലപ്പുറത്ത് 10 പേർ ചികിൽസയിലുണ്ട്. ഒരാൾ ഐസിയുവിലാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 62 സാമ്പിളുകൾ നെഗറ്റീവ് ആയി. പാലക്കാട്ട് അഞ്ചുപേർ ഐസൊലേഷനിൽ ചികിൽസയിലാണ്. അഞ്ചുപേരെ ഡിസ്‌ചാർജ് ചെയ്‌തു. സംസ്‌ഥാനത്ത് ആകെ 14 പേർ ഹൈറിസ്‌ക് കാറ്റഗറിയിലും 82 പേർ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
Most Read| ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും