കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ സാംപിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം വന്നത്. മൂന്ന് സാംപിളും പോസിറ്റീവായിരുന്നു. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു. അടിയന്തര കര്‍മ പദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.
അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണ്. വൈറസ് ബാധ റിപ്പോർട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷേ, ആരോഗ്യവകുപ്പ് സാഹചര്യം കൃത്യമായി വിലയിരുത്തുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഈ മാസം ഒന്നാം തീയതിയാണ് നിപ്പ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ചികിൽസയിലായിരുന്ന കുട്ടി പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തെ ഈ കുട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി മാറാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്വാറന്റെയ്നിൽ ആയിരുന്നതിനാൽ കുട്ടിയ്ക്ക് അധികം സമ്പർക്കമില്ല.
Most Read: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ








































