പാലക്കാട്: സംസ്‌ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് നിർദ്ദേശം നൽകിയത്. നിപ ബാധിച്ച് മരിച്ച 58-കാരൻ താമസിച്ചിരുന്ന മണ്ണാർക്കാട് പ്രദേശത്ത് ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി.
മരിച്ചയാൾ സഞ്ചരിച്ചതിൽ കൂടുതലും കെഎസ്ആർടിസി ബസിലാണെന്നാണ് കണ്ടെത്തൽ. ആഴ്‌ചയിൽ മൂന്നുതവണ ഇയാൾ അട്ടപ്പാടിയിൽ പോയതും കെഎസ്ആർടിസി ബസിലാണ്. ഇദ്ദേഹത്തിന്റെ പേരക്കുട്ടികൾ പഠിക്കുന്ന സ്‌കൂളും താൽക്കാലികമായി അടച്ചു. മരിച്ചയാൾ പൊതുഗതാഗതം ഉപയോഗിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
വെള്ളിയാഴ്‌ചയാണ് പനിയും ശ്വാസതടസവുമായി മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 58 വയസുകാരനെ മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്‌ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്‌താണ് ഇയാളെ ചികിൽസിച്ചത്. പിന്നാലെ, ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങി.
മഞ്ചേരി മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്‌ഥിരീകരിച്ചത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഫലം ലഭിച്ചാൽ കൂടുതൽ നടപടികൾ സ്വീകരിക്കും. നിലവിൽ ജില്ലയിൽ ഒരാൾ ഐസൊലേഷനിൽ ചികിൽസയിലാണ്.
രോഗ ഉറവിടം വ്യക്‌തമാകാത്ത സാഹചര്യത്തിൽ രോഗിയെ ചികിൽസിച്ച ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരോട് ക്വാറന്റെയ്‌നിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനും മറ്റുമായി തുടർ നടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പോലീസ്, വനം, വെറ്ററിനറി, റവന്യൂ, ആർആർടി, രാഷ്‌ട്രീയ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും. പ്രദേശത്ത് ഇന്ന് മെഗാ പനി സർവേയും നടത്തും.
അതേസമയം, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുന്ന പാലക്കാട് സ്വദേശിനിയായ 38-കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന യുവതിക്ക് രക്‌തസ്രാവമുണ്ടായി. നിലവിൽ രണ്ടു ഡോസ് ആന്റിബോഡി നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Most Read| ചരിത്രം കുറിച്ച് ശുഭാംശു ശുക്ള; ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും