മുംബൈ: കേരളത്തെ കുറിച്ച് വിവാദ പരാമർശവുമായി മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. കേരളത്തെ മിനി പാകിസ്‌ഥാൻ എന്ന് അഭിസംബോധന ചെയ്‌താണ് മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഛത്രപതി ശിവാജി, അഫ്‌സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഷോഷങ്ങളുടെ ഭാഗമായി പൂണെയിലെ സാസ്വദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മിനി പാകിസ്‌ഥാൻ ആണെന്നും അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും നിതീഷ് റാണെ പരാമർശിച്ചു. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്‌തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു.
”കേരളം ഒരു മിനി പാകിസ്‌ഥാൻ ആണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെ നിന്ന് ജയിച്ചത്. അവർക്ക് വോട്ട് ചെയ്‌തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണ് പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്”- നിതീഷ് റാണെ വിമർശിച്ചു.
”കേരളത്തിലെ നമ്മുടെ സുഹൃത്തുക്കൾ അഭിനന്ദനം അർഹിക്കുന്നു. 12,000 ഹിന്ദു പെൺകുട്ടികളെയാണ് അവർ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കിൽ പോലും എത്രത്തോളം ശ്രമകരമെന്നത് ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവർത്തകരോട് ചോദിക്കണം. എന്നിട്ടും കേരളത്തിൽ നിന്നുള്ള സംഘം ഇത് നേടി”- അദ്ദേഹം പറഞ്ഞു
”മറ്റു മതങ്ങളുടെ ഘോഷയാത്രയ്‌ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങളുടെ ഘോഷയാത്രയ്‌ക്ക് പത്തുമണിവരെ പോകാമെങ്കിൽ അവരുടെയും പോകാം. ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല. ചെയ്യുന്നവരാണ്. അനധികൃതമായി ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ ഒരു ഫോൺ കോളിൽ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ കാണിച്ചുതരാം.
ഹിന്ദുത്വ പ്രവർത്തകരെ നിങ്ങൾ ഒറ്റയ്‌ക്കല്ല. സർക്കാർ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്. കാവി ധരിച്ച മുഖ്യമന്ത്രിയാണ് ഈ സംസ്‌ഥാനത്തിന് ഉള്ളത്. ഹിന്ദുത്വ പ്രവർത്തകർക്ക് ഒന്നിലും പേടി വേണ്ട. ഹിന്ദുക്കൾക്ക് എതിരെയോ മതത്തിനെതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ല”- റാണെ കൂട്ടിച്ചേർത്തു.
Most Read| അബ്‌ദുൽ റഹീമിന്റെ മോചനം നീളും; കേസ് അഞ്ചാം തവണയും മാറ്റി








































