പട്‌ന: ബിഹാറിൽ വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന് റിപ്പോർട്. നിതീഷ് ഉടൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്നും മാർച്ച് അഞ്ചിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
പത്രികാ സമർപ്പണത്തിനുള്ള നടപടിക്രമങ്ങൾ പാർട്ടി പൂർത്തിയാക്കി. നിതീഷ് സ്‌ഥാനം ഒഴിയുമ്പോൾ മുഖ്യമന്ത്രി പദവി ബിജെപി ഏറ്റെടുക്കുമെന്നും നിതീഷിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് സൂചന. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്‌ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
എന്നാൽ, ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. നിഷാന്ത് കുമാർ രാഷ്‌ട്രീയത്തിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ സ്‌ഥിരീകരണം ഉണ്ടായിരുന്നു. നിഷാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ജെഡിയു മുതിർന്ന നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞിരുന്നു. പാർട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.
അതിനിടെ, രാജ്യസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിതീഷ് കുളുരുമായി ജെഡിയു എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് സഞ്‌ജയ് മൂന്നുമണിക്കൂറോളം കൂടിക്കാഴ്‌ച നടത്തി. കേന്ദ്രമന്ത്രി ലല്ലൻ സിങ് പട്‌നയിൽ നാളെ എത്തുമെന്നും വിവരമുണ്ട്.
Most Read| ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും ജാമ്യം, പത്‌മകുമാർ പുറത്തേക്ക്



































