കൊച്ചി: ലൈംഗികപീഡന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിക്ക് ക്ളീൻ ചിറ്റ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പോലീസ് റിപ്പോർട്ടിലാണ് നിവിൻ പോളിക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.
നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്‌തമാക്കി അന്വേഷണ സംഘം കോതമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ എറണാകുളം റൂറൽ ഡിവൈഎസ്‌പി ടിഎം വർഗീസാണ് റിപ്പോർട് നൽകിയത്.
കൃത്യം നടന്നുവെന്ന് അതിജീവിത തന്റെ മൊഴികളിൽ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ സ്‌ഥലത്തോ നിവിൻ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്‌തിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു കേസിലെ ആറാം പ്രതിയായ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടൻമാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി നടിമാരുൾപ്പടെ രംഗത്തുവന്നിരുന്നു. അക്കൂട്ടത്തിലാണ് നിവിന്റെ പേരും ഉയർന്നത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിലെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളിയും നിർമാതാവും ഉൾപ്പടെ ആറുപേർ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം.
ഈ കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ കൂട്ടബലാൽസംഗം, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ, ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചിരുന്നു. പിന്നാലെ യുവതിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി സംവിധായകൻ വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്‌ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലെ കൊച്ചിയിലെ സെറ്റിലായിരുന്നു നിവിനെന്ന് ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!