കൊച്ചി: തനിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്.
പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിൽ ആയിരുന്നുവെന്ന് നിവിൻ പരാതിയിൽ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയിൽ നിവിൻ വിശദമായി ചേർത്തിട്ടുണ്ട്. പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളിൽ താൻ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. ഇതിന്റെ തെളിവായി പാസ്‌പോർട്ടിന്റെ പകർപ്പും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
കേസിൽ അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും നിവിൻ ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താൻ സഹകരിക്കുമെന്നും നിവിൻ ഉറപ്പ് നൽകിയിട്ടുണ്ട്. 2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി ആദ്യം നൽകിയ പരാതി.
എന്നാൽ, ഈ മാസങ്ങളിൽ യുവതി കേരളത്തിൽ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൽ വ്യക്‌തത വരുത്താൻ യുവതിയുടെ യാത്രാ രേഖകൾ ഉൾപ്പടെ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അതേസമയം, 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പോലീസ് സ്‌ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം.
നിവിൻ പൊളിയടക്കം ആറുപേർക്കെതിരെയാണ് ഊന്നുകൽ പോലീസ് കേസെടുത്തത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് ആരോപണം.
Most Read| ആശ്വാസം; ഓണത്തിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ലഭിക്കും