തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ അഡ്വ. എസ് സുരേശനെ സ്‌പെഷ്യല്‍ പ്രോസിക്യൂഷനായി നിയമിക്കണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീം കോടതിയെയും ചെന്നിത്തല സമീപിച്ചിരുന്നു.
നിലവിലുള്ള പ്രോസിക്യൂട്ടറോ സര്‍ക്കാര്‍ സര്‍വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാല്‍ അത് പ്രഹസനമാകുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ചെന്നിത്തല ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം നടിയെ ആക്രമിച്ച കേസ്, സൗമ്യ വധക്കേസ് എന്നിവയില്‍ പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു അഡ്വ. സുരേശന്‍.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാരും ആറ് ഇടത് എംഎല്‍എമാരും നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായിരുന്ന ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. സംഭവത്തിൽ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി ആയിരുന്നു പോലീസില്‍ പരാതി നല്‍കിയത്. ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെഎം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചത്.
Most Read: പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും