ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
”പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. ഞങ്ങൾ പിൻമാറില്ല. പക്ഷേ, വിജയിക്കണമെങ്കിൽ, തടയാൻ കഴിയാത്ത രീതിയിൽ നമ്മൾ പ്രവർത്തിക്കണം”- നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പ് മുഴുവൻ പിടിച്ചെടുക്കാനും അതിന്റെ മേൽ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ട് ഇസ്രയേൽ തങ്ങളുടെ സൈനിക നടപടികൾ വർധിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
സൈന്യം പതിനായിരക്കണക്കിന് റിസർവ് സൈനികരെ വിളിക്കുകയാണെന്ന് ഇസ്രയേൽ സൈനിക മേധാവി നേരത്തെ പറഞ്ഞിരുന്നു. അതിനിടെ, ലോകരാജ്യങ്ങൾ സമ്മർദ്ദം ശക്തമാക്കിയതോടെ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് കടത്തിവിടാൻ അനുവദിക്കുമെന്ന് നെതന്യാഹു അറിയിച്ചു. ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് തങ്ങളുടെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയിൽ നിന്ന് ഹമാസിനെ അകറ്റി നിർത്തുമെന്നും നെതന്യാഹു പറഞ്ഞു.
20 ദശലക്ഷത്തിലധികം പേർ താമസിക്കുന്ന ഗാസയിലേക്ക് ഇസ്രയേൽ ഉപരോധം മൂലം മാർച്ച് രണ്ടുമുതൽ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യ സാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ പുതിയ സൈനിക നടപടി പ്രഖ്യാപിച്ചത്. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്.
Most Read| കോടികളുടെ ആസ്തി; താമസം സ്റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ