ചെന്നൈ: പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് കരുണാനിധിയുടെ മൂത്തമകൻ എകെ അഴഗിരി. പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിലേക്ക് പോകാൻ അഴഗിരി തയാറെടുക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് നേരത്തെ പ്രചരിച്ചത്.
തെറ്റായ കാര്യങ്ങൾ ആരൊക്കെയോ പ്രചരിപ്പിക്കുകയാണെന്ന് അഴഗിരി അറിയിച്ചു. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. പുതിയ രാഷ്‌ട്രീയ തന്ത്രങ്ങൾ മെനയുന്നതിനായി നവംബർ 21ന് ചെന്നൈയിലെത്തുന്ന ബിജെപി നേതാവ് അമിത് ഷായെ കാണുമെന്ന വാർത്തകളും അഴഗിരി നിഷേധിച്ചു.
അഴഗിരി എൻഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന വിവരമറിഞ്ഞ ഉടനെ ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ വിശ്വസ്‌തനായ ഒരു നേതാവിനെ അഴഗിരിയുടെ അടുത്തേക്ക് അയച്ചിരുന്നുവെന്നാണ് വിവരം. ഇതിനെ തുടർന്നാണ് അഴഗിരിയുടെ പരസ്യപ്രതികരണം.
ഡിഎംകെയിലേക്ക് തിരികെ എത്താനുള്ള അഴഗിരിയുടെ തന്ത്രങ്ങളുടെ ഭാഗമാണ് എൻഡിഎ പ്രവേശന പ്രചാരണം എന്നാണ് വിലയിരുത്തലുകൾ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2014ലാണ് അഴഗിരിയെ ഡിഎംകെയിൽ നിന്നും പുറത്താക്കിയത്.
Read also: പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും