മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത് കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക് മുന്നിലാണ് തോമസിന്റെ പ്രതിഷേധം. വടിച്ച മുടി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ധനമന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും അയച്ചുകൊടുക്കുമെന്ന് തോമസ് അറിയിച്ചു.
അതേസമയം, നവംബർ മാസം പകുതിയായിട്ടും ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള പരിഷ്‌ക്കരണം പോയിട്ട് കൃത്യമായ സമയത്ത് ശമ്പളം നൽകാത്തതിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി ജീവനക്കാർ. ഈ മാസം 15 മുതൽ അനിശ്‌ചിതകാല സമരം നടത്താനാണ് കെഎസ്ആർടിസി ട്രേഡ് യൂണിയന്റെ തീരുമാനം.
ശമ്പള പരിഷ്‌ക്കരണം വൈകുന്നതിനെതിരെ ഈ മാസം 5,6 തീയതികളിൽ കെഎസ്ആർടിസി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ രണ്ട് ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് 9.4 കോടി രൂപയുടെ വരുമാന നഷ്‌ടമാണുണ്ടായത്. പ്രതിമാസം 80 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിന് വേണ്ടത്.
Most Read: ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; സ്‌കൂളുകൾ അടച്ചു, കർശന നിയന്ത്രണങ്ങൾ







































