തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്‌തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ നൽകുമെന്ന് വ്യക്‌തമാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് ഭേദഗതി ചെയ്‌താണ് ഇപ്പോൾ ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
ഇത്തരം സ്‌ഥാപനങ്ങൾ സർക്കാർ സഹായം ലഭിക്കുന്നവ ആണെന്നും, അതിനാൽ ഇവിടെ കഴിയുന്ന അന്തേവാസികളുടെ സംരക്ഷണ ചുമതല അതാത് സ്‌ഥാപനങ്ങൾക്ക് ആണെന്നും സർക്കാർ വ്യക്‌തമാക്കുന്നുണ്ട്. അതിനാൽ ഇവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് പെൻഷൻ നൽകുന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ പരിമിതമായ സ്‌ഥാപനങ്ങൾക്ക് മാത്രമാണ് സർക്കാർ സഹായം ലഭിക്കുന്നത്.
619 ഓൾഡേജ് ഹോമുകളിലായി 17,937 അന്തേവാസികളും, 285 വികലാംഗ മന്ദിരങ്ങളിലായി 9,321 പേരും, 17 യാചകമന്ദിരങ്ങളിലായി 960 പേരുമാണ് സംസ്‌ഥാനത്ത് താമസിക്കുന്നത്. ഇവയിൽ 212 ഓൾഡേജ് ഹോമുകൾക്കും, 95 വികലാംഗ മന്ദിരങ്ങൾക്കും, 7 യാചക മന്ദിരങ്ങൾക്കും മാത്രമാണ് സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. 1,100 രൂപ വീതം ഒരാൾക്ക് എന്ന രീതിയിലാണ് ഈ സ്‌ഥാപനങ്ങളിലെ സർക്കാർ ഗ്രാന്റ്. ഈ സാഹചര്യത്തിൽ അന്തേവാസികൾക്ക് നൽകുന്ന പെൻഷൻ ഇവർക്ക് വലിയ സഹായം ആയിരുന്നു. എന്നാൽ അതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
Read also: താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം