തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.
‘കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ് മാറ്റമുണ്ടായത്. ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരും’, മന്ത്രി പറഞ്ഞു.
ശമ്പള കരാറില്‍ ഈ മാസം ഒപ്പിട്ടില്ലെങ്കില്‍ അനിശ്‌ചിതകാല പണിമുടക്ക് നടത്തുമെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ജനുവരിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തുടര്‍ ചര്‍ച്ചകള്‍ വേണമെന്ന് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സിഎംഡി വിളിച്ച ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനുവരി മൂന്നിന് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ വ്യവസ്‌ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് വീണ്ടും എന്തിനാണ് ചര്‍ച്ച എന്നാണ് യൂണിയനുകളുടെ ചോദ്യം.
അതേസമയം ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ലെന്നും ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ







































